
ടൈ കേരള ഹെൽത്ത് കെയർ സമ്മിറ്റ് ടൈമെഡ് സി ഇ ഒ ബൽറാം എസ് ഉദ്ഘാടനം ചെയ്യുന്നു. ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാത്ത്,ടൈ കേരള പ്രസിഡണ്ട് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള മുൻ പ്രസിഡഡും ഏണസ്റ്റ് ആൻഡ് യംഗ് പാർട്നറുമായ രാജേഷ് നായർ, ഡെൻ്റ് കെയർ സ്ഥാപകൻ ജോൺ കുര്യാക്കോസ്, മെഡി വിഷൻ സഹ സ്ഥാപകനും സി ഇ ഒയുമായ ബിബു പുന്നൂരാൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ വിനീത് എബ്രഹാം എന്നിവർ സമീപം
കൊച്ചി: കേരളത്തിലെ ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് ഡെന്റൽ, ഡയഗ്നോസ്റ്റിക്, മെഡിക്കൽ ടെക്നോളജി മേഖലകളിൽ പുതിയ സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ടൈ കേരള ഹെൽത്ത് കെയർ സമ്മിറ്റ് അഭിപ്രായപ്പെട്ടു. അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച 'ആരോഗ്യരംഗം: ചികിത്സയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും' എന്ന വിഷയത്തിലെ സമ്മിറ്റിൽ ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, മെഡിവിഷന്‍ സഹസ്ഥാപകനും സി ഇ ഒയുമായ ബിബു പുന്നൂരാന്‍, ടൈമെഡ് സി ഇ ഒ ബല്‍റാം എസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് അബ്രഹാം എന്നിവര്‍ പങ്കെടുത്തു. ടൈ കേരള മുൻ പ്രസിഡൻ്റ് രാജേഷ് നായർ മോഡറേറ്ററായിരുന്നു.
വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ പഠനവും ക്ഷമയും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനുള്ള മനോഭാവവുമാണ് സംരംഭകരുടെ വിജയത്തിന് അനിവാര്യം.
പുതിയ സാങ്കേതികവിദ്യകൾ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുക്കുന്നത് സഹായകമാണ്.
മെഡിക്കൽ ടൂറിസം തുടങ്ങിയ മേഖലകളിലും കേരളത്തിൽ വലിയ സാധ്യതകളുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതിനാൽ വിദേശത്തുനിന്നുൾപ്പെടെ രോഗികൾ ഇന്ത്യയിലെത്തുന്നത് മെഡിക്കൽ ടൂറിസത്തിന് കൂടുതൽ അവസരം നൽകുന്നതായും അവർ പറഞ്ഞു.
ഡയഗ്നോസ്റ്റിക് മേഖലയിലെന്നപോലെ കടുത്ത മത്സരത്തിനിടയിലും ബി2ബി, ബി2സി സേവനങ്ങളുടെ സംയോജനം വളർച്ചയ്ക്ക് സഹായിക്കും.
നിലവിലുള്ള വിലകൂടിയ ഉത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ബദൽ വികസിപ്പിക്കുന്നതും നിലവിലില്ലാത്ത പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതുമാണ് മെഡ്ടെക് മേഖലയിലെ പ്രധാന സാധ്യതകൾ. അത്തരം സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതകളുണ്ട്. ഫണ്ടിങ് മാത്രമല്ല, കൃത്യമായ ഹോംവർക്ക്, വിപണി ആവശ്യകതയെക്കുറിച്ചുള്ള പഠനം, ഉൽപ്പന്ന വികസനത്തിനുള്ള വ്യക്തമായ പദ്ധതി എന്നിവയാണ് ആദ്യം വേണ്ടതെന്ന് വിദഗ്ധർ പറഞ്ഞു. ദീർഘകാലം വേണ്ടിവരുന്ന ഡീപ് ടെക് സംരംഭങ്ങൾക്ക് ആദ്യഘട്ടത്തിൽ സർക്കാർ ഗ്രാന്റുകൾ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.
ടൈ കേരള പ്രസിഡൻ്റ് വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും മുൻ പ്രസിഡൻ്റ് ജേക്കബ് ജോയ് നന്ദിയും പറഞ്ഞു.
Photo Courtesy - Google









